മറുനാട്ടിൽ ഒരു മലയാളം സിനിമ; കെനിയയിൽ ‘ഐവി’ നിറഞ്ഞ സദസ്സിൽ | Film Ivy
2minകേരളത്തിൽ സിനിമ തിയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മറുനാട്ടിൽ ഒരു മലയാളം സിനിമ, തിയേറ്ററിൽ റിലീസ് ചെയ്തു . കെനിയയിലെ നെയ്റോബിയിലാണ് മലയാളിയായ പ്രശാന്ത് എ ബി സംവിധാനം ചെയ്ത ഐവി എന്ന മലയാളചിത്രം പ്രദർശനം തുടങ്ങിയത്. ആഫ്രിക്കൻ ജനതയുടെ ജീവിതസാഹചര്യങ്ങളൂന്നി, കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഐവി, മലയാളി യുവാവും കെനിയൻ യുവതിയും തമ്മിലുള്ള പ്രണയവും കുടുംബ ജീവിതവും എല്ലാം, കെനിയൻ പശ്ചാത്തലത്തിലാണ് സിനിമയിൽ ഒരുക്കിയിട്ടുള്ളത്. ഇതിനോടകം തന്നെ നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിലും ചിത്രം പ്രദർശിപ്പിച്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മലയാളിയായ കൃഷ്ണദാസ് കരിവേലിലും കെനിയൻ ആർച്ചറി ദേശീയ താരമായ ദിരെ ജി ഇലെമയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളിയായ തോമസ് ആന്റണി കുരിശിങ്കൽ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. കഴിഞ്ഞദിവസം നെയ്റോബിയിൽ ആദ്യ പ്രദർശനം നടന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . ആദ്യമായാണ് ഒരു മലയാള ചലച്ചിത്രം പൂർണ്ണമായി കെനിയയിൽ ചിത്രീകരിക്കുന്നതും, കെനിയൻ ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ പ്രദർശനാനുമതി ലഭിക്കുന്നതും.