‘എനിക്ക് 2000 കൈകളുണ്ട്..!’; താരമായി പ്രണവ്; സര്‍ക്കാര്‍ ജോലി വേണം
4minവൈക്യലങ്ങളെ കാലുകൊണ്ടു തട്ടിയെറിഞ്ഞ പാലക്കാട് ആലത്തൂര്‍ സ്വദേശി പ്രണവിന് മുഖ്യമന്ത്രിക്കൊപ്പം പിറന്നാള്‍ ദിനം. റിയാലിറ്റി ഷോയിലൂടെ ലഭിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് കൂടിയാണ് രണ്ടുകൈകളുമില്ലാത്ത പ്രണവ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. ചിത്രങ്ങള്‍ വരയ്ക്കുന്ന കാലുകൊണ്ട് പ്രണവ് പിണറായിക്കൊപ്പമെടുത്ത സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ജീവിതത്തില്‍ പരാജയപ്പെട്ടെന്ന് തോന്നുന്നവര്‍ക്കുള്ള ഉത്തരമാണ് ഈ പാലക്കാട്ടുകാരന്. പ്രതിസന്ധികളില്‍ ജീവിതം അവസാനിക്കുകയല്ല ആരംഭിക്കുകയാണെന്ന് തെളിയിച്ച പ്രണവ് പാലക്കാട്ടുനിന്ന് വണ്ടികേറി തിരുവനന്തപുരത്തെത്തിയതും പ്രതിസന്ധികളില്‍ വിറങ്ങലിച്ചുനിന്ന ചിലര്‍ക്കുവേണ്ടിയാണ്. ഈ മറുപടി കേട്ട മുഖ്യമന്ത്രിക്കും വലിയ സന്തേഷമായി. പ്രണവിനെ കൂടെ നിര്‍ത്തി സെല്‍ഫിയെടുത്ത മുഖ്യമന്ത്രി സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പും നല്കി. ജന്മനാ ഇരുകൈളുമില്ലെങ്കിലും അദ്യശ്യമായ രണ്ടായിരം കൈകളുണ്ടത്രെ പ്രണവിന്. ബി കോം പഠനം പൂര്‍ത്തിയാക്കിയ പ്രണവ് ഒരു സര്‍ക്കാര്‍ ജോലിക്കായുള്ള കഠിന പ്രയത്നത്തിലാണ്.